
ദോഹ: പശ്ചിമേഷ്യൻ സംഘർഷം ഗൾഫിലെ ഊർജ്ജ മേഖലയെ നേരിട്ട് ബാധിക്കുന്നു. ഖത്തറിലെ തന്ത്രപ്രധാനമായ വ്യവസായ കേന്ദ്രങ്ങൾക്ക് നേരെ നടന്ന വ്യോമാക്രമണത്തെത്തുടർന്ന് രാജ്യം ദ്രാവക പ്രകൃതിവാതക (LNG) ഉല്പാദനം പൂർണ്ണമായും നിർത്തിവെച്ചു. ഖത്തർ എനർജിയാണ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
ഖത്തറിലെ പ്രധാന ഊർജ്ജ ഹബ്ബുകളായ റാസ് ലഫാൻ (Ras Laffan Industrial City), മിസൈദ് (Mesaieed Industrial City) എന്നിവിടങ്ങളിലെ ഖത്തർ എനർജിയുടെ പ്രവർത്തന കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും പ്രധാന സാമ്പത്തിക സ്രോതസ്സുകളെയും ലക്ഷ്യം വെച്ച് ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സൗദി അറേബ്യയുടെ റസ് തന്നൂറ റിഫൈനറിക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.











